Kannur airport inauguration today

2018 ഡിസംബർ 8 ശനി
കണ്ണൂരിൽ പുതിയാപ്പിളമാർ പറന്നിറങ്ങുമ്പോൾ...
അബ്ദുല്ല മുക്കണ്ണി.
പുതിയാപ്പിള ഇങ്ങെത്തി.ചോറ് വെളമ്പിക്കോളൂ ..അതെ നമ്മൾ കണ്ണൂക്കാർ അങ്ങിനെ പറയാൻ തുടങ്ങുകയായി.. കോഴിക്കോടു വിമാനമിറങ്ങി നാലുമണിക്കൂർ ദൂരം കാറിൽ യാത്ര ചെയ്തു തലശ്ശേരിയിലും കണ്ണൂരിലും എത്തിയിരുന്ന പുതിയാപ്പിളമാർ അങ്ങിനെ വീടിന്റെ തൊട്ടടുത്ത് വിമാനമിറങ്ങി മേശമേൽ ചോറ് വിളമ്പി കൊണ്ടുവെക്കുമ്പോഴേക്കും വീടണയുകയാണ്..ഞങ്ങൾ  കണ്ണൂക്കാർക്ക് ഇതിലും വലിയ 'പൗസാക്കു' ബേറെന്നൂല്ല.. ഓക്കും കുട്ട്യേക്കും അമ്മോശനും അമ്മായിക്കും പെരുത്ത് സന്തോഷം!
പുതിയ തലമുറയിലെ പുതിയാപ്പിളമാർ പൊരേന്റ്റെ മിറ്റത്തു ബീമാനം ഇറങ്ങുമ്പം പഴയ തലമുറയിലെ അമ്മോശമ്മാർക്ക്‌ ഓർമിച്ചെടുക്കാൻ ഒരുപാടുണ്ട്. അവർ ആദ്യമായി ദുബായിക്കും സൗദിക്കും പോകാൻ പെട്ടപാടും കഷ്ടപ്പാടും പറഞ്ഞാൽ പുതിയ തലമുറക്ക് കേക്കാൻ നേരാണ്ടാവൂല..കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് മംഗലാപുരം വരെ തീവണ്ടിക്കു പോയി അവിടെ നിന്നും
ബോംബെക്ക് ബസ്സിൽ‌ ഒന്നര ദിവസം മുഷിഞ്ഞു ഇരുന്ന് ബോംബയിലെ ബിസ്‌തി മുല്ലയിലെ കാസർക്കോട് കാരുടെ ഇടുങ്ങിയ മുറികളിൽ പായയിൽ കിടന്നുറങ്ങി ഏജന്റ് മാരുടെ ഔദാര്യത്തിൽ എമിഗ്രെഷൻ ചവിട്ടിക്കേറ്റലും കഴിഞ്ഞു വിമാനം കയറുന്നതുവരെ നെഞ്ചിടിപ്പായിരുന്നു.ഒടുവിൽ ആ ദുരിതക്കടൽ നീന്തികടന്ന് പൊന്നുവിളയും നാട്ടിൽ പറന്നിറങ്ങിയ ഒരുകാലം.. നാൽപ്പതു വർഷം മുൻപ് അങ്ങിനെയായിരുന്നു അന്നത്തെ അമ്മോശമ്മാരുടെ ഗൾഫു യാത്ര..അതിനുമുമ്പ് ഉരുവിൽ ഉള്ളുരുകി കടൽ കടന്നുവരും ഏറെയുണ്ട്.അത് പഴയ കഥ ..രണ്ടുമൂന്നും കൊല്ലം ദുബായിലും സഊദിയിലും  മരുഭൂമിയിൽ കഴിഞ്ഞുള്ള അവന്റ്റെ തിരിച്ചുവരവും കണ്ണീർകടൽ താണ്ടിയായിരുന്നു.ചുവപ്പും കറുപ്പുംകളറിൽ കള്ളികളുള്ള രണ്ടും മൂന്നും വലിയ പെട്ടികളും വയർവീർത്ത വലിയ കാർബോഡ് പെട്ടിയും പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ സ്പോഞ്ച് കിടക്കയും ബ്ലാങ്കെറ്റും 543 പാനസോണിക് ടേപ്പ് റിക്കാർഡറുമായി മായി വീണ്ടും ബോംബ മഹാനഗരത്തിലെ എയർപോർട്ടിൽ എത്തിയാൽ പിന്നെ എവറെസ്റ്റ്‌ കിഴക്കിയ സന്തോഷമായിരുന്നു.ആ സന്തോഷം കസ്റ്റംസുകാരും ഫ്ലയിങ്  സ്‌കോഡു കാരും പരമാവധി ഞെക്കിപ്പിഴിയുന്നതോടെ തീരും..അവിടെന്നങ്ങോട്ടു നാട്ടിലേക്കുള്ള ബസ്സ് പിടിക്കാനുള്ള നെട്ടോട്ടത്തിൽ  ബോംബെ മലയാളി തട്ടിപ്പുസംഘവും കൂടി കത്തികാട്ടി കയ്യിട്ടുവാരി ഒടുവിൽ ജീവൻ തിരിച്ചുകിട്ടിയാൽ മതിയെന്ന പരുവത്തിലായിട്ടുണ്ടാവും.നാട്ടിലേക്കു 'മെഹ്ബൂബ്' ബസ്സിന്‌ കയറി മുപ്പതും നാല്പതും മണിക്കൂർ ഓടി തളർന്ന് കണ്ണൂർ ട്രെയിനിങ് സ്ക്കൂളിന്റെ മുന്നിൽ ബസ്സെത്തുമ്പോൾ പകുതിജീവൻ പോയിട്ടുണ്ടാവും.അതിനിടയിൽ ബസ്സുകാരുമായി ഒത്തുകളിച്ചുള്ള മറ്റൊരു സ്‌കോഡു കാർ വീണ്ടും മംഗലാപുരം ഹൈവയിൽ ബാക്കിയുള്ള ചോരയും ഊറ്റാനായി കാത്തിരിപ്പുണ്ടാവും ..അവരെല്ലാം പിഴിഞ്ഞ് ചണ്ടിയായി വീടെത്തിയവരാണ് പഴയ തലമുറയിലെ അമ്മോശൻമാർ.
അങ്ങിനെ എത്തുന്ന ഗൾഫു പുതിയാപ്പിളക്കു വേണ്ടി കല്യാണാലോചനകളുടെ പെരും തെരക്കായിരിക്കും അവൻറെ ഓലമേഞ്ഞ വീടിനു മുന്നിൽ. ഗൾഫന്മാരുടെ സുവർണ കാലം മായിരുന്നു അത് !!ബെൽബോട്ടം പാന്റ്റും സഫാരി സൂട്ടും ഹൈഹീൽ ഷുവും റയ്ബാൻ കണ്ണടയും വെച്ച് പ്രഫസ്സി സ്പ്രേയുടെ സുഗന്ധം വഴിനീളെ പരത്തി ചുണ്ടിൽ ത്രിബിൾ ഫൈവ്  സിഗരറ്റും പുകച്ചുക്കൊണ്ടു അന്നത്തെ ഗൾഫുകാരന്റെ ആ ഹലാക്കിന്റെ പോക്ക് ഒരുനോക്കുകാണാൻ തട്ടമിട്ട മൊഞ്ചത്തിമാർ  ഇടവഴികളിലും വീടിൻറെ നടയിലും ഏറെയുണ്ടാവും. ഗൾഫു പുതിയാപ്പിളയെ മോഹിക്കാത്ത പെണ്ണം അവൻ വിലക്കെടുക്കാൻ കാത്തിരിക്കാത്ത മണ്ണം അന്ന് മലബാറിലില്ല.ഗൾഫുകാർ അന്ന് വലിയ ദറജയിലായിരുന്നു..ഇനി അവരുടെ ഭാര്യമാരാണെങ്കിലോ ജപ്പാൻ കമ്പ്യൂ ട്ടർ സാരിയും ചുറ്റി ഞെക്കുമ്പം തുറക്കുന്ന പുള്ളിക്കുടയും ചൂടി (ഇന്നത്തെപ്പോലെ പർദ്ദകൾ പതിവാകുന്നതിനു മുമ്പ്)  ഓളങ്ങിനെ വിലസി നടക്കുമ്പം പെണ്ണുങ്ങമ്മാരു കുശുകശൂക്കുന്നുണ്ടാവും.. ഓക്കെന്താ ഓള മാപ്പിള ഗൾഫിലല്ലേന്ന്..
മരുഭൂമിയിലെ ചൂടിൽ വെന്ത് പാകമായ കാരുണ്യത്തിന്റെ നിറകുടങ്ങളായ ആ പ്രവാസികൾക്ക് മുന്നിൽ ആവശ്യം പറഞ്ഞു നീട്ടിയ കൈകളിലെല്ലാം അവർ വാരിക്കോരി കൊടുത്തു. അറേബ്യൻ അത്തറിന്റെ മണമുള്ള പെട്ടിയിലെ ജർമ്മൻ ചെക്ക് കുപ്പായത്തുണിയും ഹൈസോഫി പാന്റ്റ്സ്ൻറെ തുണിയും ചൈനാസിൽക്കും മസ്ലിൻ പുള്ളിത്തുണിയും കുടുംബത്തിലും വേണ്ടപ്പെട്ടവർക്കും അയൽവാസികൾക്കും വീതം വച്ച് കൊടുത്തു.ഒരു ബ്ലൗസിന്റെ തുണിയോ ഒരുപാക്കെറ്റ് സിഗരറ്റോ ഒരുകോടാലി ത്തൈലമോ അന്നത്തെ ഗൾഫുകാരിൽ നിന്നും കൈപ്പറ്റാത്ത ആരും നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണാൻ കഴിയില്ല..
അമ്മോശമ്മാർ പുതിയാപ്പിള ഗൾഫിലാണെന്നു നാലാളെ കാണിക്കാൻ ചോപ്പും ബ്ലുവും കരവെച്ച എയർമൈൽ ലക്കോട്ടു (കവർ)കീശയിൽ ഇട്ടും മടക്കുന്ന ഞെക്കുവിളക്കു (ടോർച്ചു )കയ്യിലും പിടിച്ചു അങ്ങാടികളിലൂടെ ആർഭാടമായി അർമാദിച്ച് നടന്നിരുന്നു.അത്യാഹിതത്തിനു ആശുപത്രികളിൽ ആളെ കൊണ്ട് പോകാൻ മാത്രം നാട്ടിലുണ്ടായിരുന്ന ഒന്നോരണ്ടോ ടാക്സികാറുകളിൽ ഗൾഫുകാർ സ്ഥിരം സഞ്ചരിക്കുന്നത് അസൂയയോടെ നാട്ടുകാർ നോക്കിനിന്നു...അങ്ങിനെ അവൻ  ലീവ് കഴിഞ്ഞുമടങ്ങാൻ  നേരം അതുവരെ കയ്യിൽകെട്ടിയ സൈക്കോ ഫൈവിന്റ വാച്ച് അളിയൻമാർക്ക് അഴിച്ച് കൊടുത്ത് യാത്ര അയക്കാൻവന്ന ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ കണ്ണീർ തുടച്ച് മഹ്ബൂബ് ബസ്സിൽ കയറി വീണ്ടും ബോംബയിലേക്ക് പോകും..അപ്പോഴേക്കും അവന്റെ ഓലപ്പുര ഓടുമേഞ്ഞ കഴിഞ്ഞിരിക്കും- കാലം കുറച്ചു കഴിഞ്ഞപ്പോൾ അവൻ മംഗലാപുരം വരെ കാറിൽ പോയി അവിടെന്നു ഫ്‌ളൈറ്റിൽ ബോംബെയിലും അവിടെന്നു ദുബൈക്കും സൗദിക്കും പറന്നു..പിന്നീട് കണ്ണൂർക്കാരുടെ പോക്കും വരവും മംഗലാപുരം എയർപോർട്ട് വഴിക്കായി..ദുബായി ക്രീക്കിലൂടെ വെള്ളം കുറെ ഒഴുകി .ശൈഖ് സായദ് റോഡിൽ വമ്പൻ ബിൽഡിംഗുകൾ ഉയർന്നു. നമ്മൾ കണ്ണൂരുകാർ ബോംബയിൽ നിന്നും കോഴിക്കോട്ടെ പുതിയ വിമാനത്താവളത്തിൽ പറന്നിറങ്ങി.നാട്ടിലേക്കു ടാക്സി കാറും 'പിടിച്ചു' വരവ് തുടങ്ങി..പിന്നീട് കുടുംബത്തോടൊപ്പം നമ്മൾ കോഴിക്കോട് നിന്ന് ദുബായിക്കും സൗദിക്കും ജിദ്ദയിലേക്ക് നേരിട്ടുംപറന്ന് തുടങ്ങി.. മക്കൾക്ക് കാശും പെരുമയും കൂടിയപ്പോൾ പേരിശയാക്കപ്പെട്ട മക്കയും മദീനയും കാണാൻ ഉമ്മയും ഉപ്പയും ഉംറക്ക് കോഴിക്കോട് നിന്നും വന്നു തുടങ്ങി..തിരിച്ചു വീണ്ടും കോഴിക്കോട് ഇറങ്ങിയ കണ്ണൂർ ക്കാരെ അവരുടെ സ്വന്തം വണ്ടികൾ കോഴിക്കോട് എയർപോർട്ടിൽ കാത്തിരിക്കാൻ തുടങ്ങി..ആ വണ്ടികളിൽ ചെന്നിറങ്ങിയത് പുന്താട്ടങ്ങളുള്ള വീട്ടുമുറ്റത്തേക്കായിരുന്നു.കാർ ബോഡ് പെട്ടികൾക്ക് പകരം ട്രോളിബാഗുകൾ  കാറിൽ നിന്നും മാർബിൾ പാകിയ സിററൗട്ടിലേക്ക് എടുത്തുവെച്ചു!
ഞങ്ങൾ സൗദിക്കാരെ കോഴിക്കോട് എയർപോർട്ട് കാർ വീണ്ടും ചതിച്ചപ്പോൾ ഞങ്ങളുടെ വരവുകൾ കൊച്ചികിലേക്കായി. ആലുവസ്റ്റേഷനിൽ നിന്നും ട്രയിൻമാർഗം കണ്ണൂരിൽ വന്നു..അപ്പോഴേക്കും നമ്മൾ ഏറെ പഴകിപ്പോയി..ഗൾഫിന്റെ പ്രഭ മങ്ങിത്തുടങ്ങി..സ്വദേശിവൽക്കരണം സൗദിയിൽ ഞങ്ങളെതേടി വന്നപ്പോൾ കൂട്ടം കൂട്ടമായി എക്സിറ്റിലും ആളുകൾ പോയിത്തുടങ്ങി..ഇപ്പോൾ നമ്മുടെ മക്കൾക്കും പുതിയാപ്പിളമാർക്കും വേണ്ടി ഇതാ..കണ്ണൂരിലെ മട്ടന്നൂരിൽ പുതുമണവാട്ടിയെപ്പേലെ അണിഞ്ഞൊരുങ്ങിയ വിമാനത്താവളം പുതിയാപ്പിളമാരെ കാത്തിരിക്കുകയാണ്.
പഴയ യാത്രാ ക്ലേശങ്ങൾ നമുക്ക് മറക്കാം.മട്ടന്നൂരിൽ ഇറങ്ങിയാൽ കണ്ണൂരിന്റെ പരിസരപ്രദേശങ്ങളിൽ അരമണിക്കൂറിനുള്ളിലും ഒരുമണിക്കൂറിനുള്ളിലും കൂടിയാൽ ഒന്നരമണിക്കൂറിലും എത്തിച്ചേരാം..
ഞങ്ങൾ കണ്ണൂരുകാർക്കു ഇത് ആഘോഷ വേളകളാണ്..പുതിയാപ്പിളന്റെ അറപോലത്തെ മൊഞ്ചുള്ള എയർപോർട്ടിലേക്ക്...അഹ്‍ലൻ വ സഹ്‌ലൻ....പുതിയാപ്പിള ഇങ്ങെത്തിപ്പോയ്...
.കണ്ണൂരിൽ പുതിയാപ്പിളമാർ പറന്നിറങ്ങുമ്പോൾ...
അബ്ദുല്ല മുക്കണ്ണി.
2018 ഡിസംബർ 8 ശനി.



Comments

  1. അടുത്ത വരവ് കണ്ണൂരിൽ

    ReplyDelete

Post a Comment