വരുന്നു, കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ_*
വരുന്നു, കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ_*
കെ.എ.എൽ വികസിപ്പിച്ച ഇലക്ട്രിക് ഓട്ടോറിക്ഷ തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് (കെ.എ.എൽ.) ആണ് നിർമാതാക്കൾ. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകൾ അന്തിമഘട്ടത്തിലാണ്. സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എൽ. നെയ്യാറ്റിൻകര ആറാലുംമൂടിലെ പ്ലാന്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സർക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇനി ഇ-ഓട്ടോറിക്ഷകൾക്കുമാത്രമേ പെർമിറ്റ് നൽകു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എൽ. മൂന്നുപേർക്ക് യാത്രചെയ്യാവുന്ന ഒട്ടേറിക്ഷയിൽ ജർമൻ സാങ്കേതിക വിദ്യയിൽ തദ്ദേശിയമായി നിർമിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണുള്ളത്. ബാറ്ററിക്ക് അഞ്ചു വർഷത്തെ ആയുസ്സുണ്ട്. മൂന്നുമണിക്കൂർകൊണ്ട് പൂർണ ചാർജാകും. ഒറ്റ ചാർജിങ്ങിൽ പരമാവധി 120 കിലോമീറ്റർ ഓടിക്കാം. പരമാവധി വേഗം 55 കിലോമീറ്ററും ഒരുകിലോമീറ്റർ ഓടിക്കാൻ 50 പൈസയുമാണ് ചെലവ്. 295 കിലോയാണ് ഭാരം. ഇ-ഓട്ടോറിക്ഷയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാൻ കഴിയുമെന്ന് മാനേജിങ് ഡയറക്ടർ എ. ഷാജഹാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി നയത്തെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സംഘടിപ്പിച്ച ശിൽപ്പശാലയ്ക്കിടെയാണ് വാഹനം ആദ്യമായി പൊതുവേദിയിൽ എത്തിച്ചത്. മന്ത്രി ഇ.പി. ജയരാജൻ ഇ-ഓട്ടോറിക്ഷയിൽ യാത്രചെയ്തു. അന്തിമവില നിശ്ചയിച്ചിട്ടില്ലെങ്കിലും ഏകദേശം 2.10 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വില. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള 30,000 രൂപ കേന്ദ്രസർക്കാർ സബ്സിഡി ലഭിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെട്ടെന്ന് നഗര പെർമിറ്റ് ലഭിക്കും.
Comments
Post a Comment