20 കുടുംബത്തിന് കിടപ്പാടമായി ഒരേക്കർ; ഇത് നിയാസിന്റെ സ്വപ്നഗ്രാമം_*




*_🏠20 കുടുംബത്തിന് കിടപ്പാടമായി ഒരേക്കർ; ഇത് നിയാസിന്റെ സ്വപ്നഗ്രാമം_*



തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ചിതറ മാങ്കോട് വില്ലേജിലുള്ള 1.10 ഏക്കറിൽ ഒരു സ്വപ്നഗ്രാമം ഒരുങ്ങുകയാണ്. അനാഥരും രോഗികളുമായവർക്ക് ഇവിടെ സ്വന്തമായി കിടപ്പാടം കിട്ടും; സൗജന്യമായി. കുടുംബസ്വത്തായി കിട്ടിയ ഭൂമിയിൽ പകുതി ഇവർക്ക് പകുത്തുനൽകിയത് ഹൈക്കോടതിയിലെ അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ നിയാസ് ഭാരതിയാണ്. നാലുസെന്റ് വീതമാണ് നൽകിയത്. ഗാന്ധിഗ്രാമമെന്നാണ് പാർപ്പിടസമുച്ചയത്തിന് നിയാസ് നൽകിയ പേര്. അങ്കണവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമാർജന യൂണിറ്റ്, തൊഴിൽ പരിശീലനകേന്ദ്രം, സൗരോർജ പ്ലാന്റ് എന്നിവയും ഇവിടെയൊരുങ്ങും. സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇവ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. കുളത്തിന്റെയും ഗാന്ധി മണ്ഡപത്തിന്റെയും ഇവിടേക്കുള്ള റോഡിന്റെയും പണികൾ നിയാസ് തന്നെ പൂർത്തിയാക്കി. മൂന്നുവർഷം മുമ്പാണ് മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ, അമ്മ ഉപേക്ഷിച്ചുപോയ ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ നിയാസ് കാണുന്നത്. അമ്മൂമ്മയാണ് അവനെ നോക്കിയിരുന്നത്. ആ കുഞ്ഞിന്റെ ചികിത്സയ്ക്കായി കിടപ്പാടം ഇവർ വിറ്റു. അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ അച്ഛൻ ബെൻസിലാലിന് ജോലിക്ക് പോകാൻ കഴിയില്ല. ഇവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽനിന്നാണ് പാവങ്ങൾക്കായി സ്വത്ത് വിതരണം ചെയ്യണമെന്ന ആശയമുണ്ടായത്. നാലുസെന്റ് ഈ കുടുംബത്തിന് ഇഷ്ടദാനമായി നൽകുകയും ചെയ്തു. തുടർന്ന് ജാതി, മത, വർഗ ചിന്തകൾതീതമായി അർഹരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. സർക്കാരിന്റെ ഭൂരഹിത പട്ടികയിൽനിന്നുൾപ്പെടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആധികാരികതയ്ക്കായി നിയാസ് നേരിട്ടുപോയിക്കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തും. നിയാസിന്റെ പിതാവും റിട്ട. അധ്യാപകനുമായ വൈ. സൈനുദ്ദീനും ഉമ്മ സൗദാബീവിയും നാലുവർഷംമുമ്പ് ഹജ്ജിന് പോയപ്പോൾ നിയാസിന് എഴുതിനൽകിയതാണ് ഈ വസ്തു. ജനുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഗുണഭോക്താക്കൾക്ക് ഔദ്യോഗികമായി പ്രമാണവും വസ്തുവിന്റെ രേഖകളും കൈമാറും. 15 വർഷത്തേക്ക് ഈ സ്ഥലം കൈമാറാൻ ഗുണഭോക്താക്കൾക്ക് അനുവാദമില്ല. കിടപ്പാടം നിർമിക്കാൻ ഒരാൾക്ക് സർക്കാരിൽനിന്നുള്ള സഹായം ലഭിച്ചു. മറ്റുള്ളവരെ സഹായിക്കാൻ സൻമനസ്സുള്ളവരും സന്നദ്ധസംഘടനകളുമെല്ലാം മുന്നോട്ടുവരണമെന്നാണ് നിയാസിന്റെ അഭ്യർഥന. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു നിയാസ് ഭാരതി. എൻ.എസ്.യു.വിന്റെ പ്രചാരണ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല. ആറ്റിങ്ങൽ വലിയകുന്ന് ഫിർദൗസിലാണ് താമസം. സംലയാണ് ഭാര്യ. സയീം, സയൻ എന്നിവർ മക്കളാണ്.
       
   

Comments